പശ്ചിമഘട്ടത്തിലെ ആദിവാസി/ഗോത്ര അധിവാസം – ഏകദിന ശിൽപ്പശാല
മഹാത്മാഗാന്ധി സർവകലാശാലയുടെ അന്തർസർവകലാശാല സാമൂഹികശാസ്ത്ര ഗവേഷണകേന്ദ്രം “പശ്ചിമഘട്ടത്തിലെ ആദിവാസി/ഗോത്ര അധിവാസം” എന്ന വിഷയത്തെ അധികരിച്ചു ഒരു ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു.
ജനുവരി 25-നു മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ശിൽപ്പശാല നടക്കുന്നത്. ശിൽപ്പശാലയിൽ നിന്നും ഉയർന്നു വരുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സർക്കാർ സഹായത്തോടെ സാമൂഹികശാസ്ത്ര ഗവേഷണകേന്ദ്രം തയ്യാറാക്കുന്ന വികസന-നയ രേഖയിൽ ഉൾക്കൊള്ളിക്കും.
ഇടുക്കിയിലെ പാരിസ്ഥിതിക സുസ്ഥിരതയും ആദിവാസി/ഗോത്ര അതിജീവന പ്രശ്നങ്ങളെയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ഇടുക്കിയിലെ ആദിവാസി/ഗോത്ര അധിവാസമേഖലയിൽ സംഭവിച്ച മാറ്റങ്ങളും അത് അവരുടെ ജീവിതസാഹചര്യങ്ങളിൽ ഉണ്ടാക്കിയ ചലനങ്ങളും വെല്ലുവിളികളുമാണ് പ്രധാന വിഷയങ്ങൾ. ആദിവാസി/ഗോത്ര ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങൾ മുഖ്യധാരാസമൂഹം എങ്ങനെ വിലയിരുത്തുന്നു എന്ന കാര്യവും പരിശോധിക്കും. സർക്കാർ സംവിധാനങ്ങൾ — നിരവധി പദ്ധതികളിലൂടെ — ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിലൂടെ ഉണ്ടായ മാറ്റങ്ങളും ചർച്ചയ്ക്കു വിധേയമാക്കും.
ജനുവരി 25-നു മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് ശില്പശാലയ്ക്ക് തുടക്കമാവും.
ആദിവാസി/ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള ഊരുമൂപ്പന്മാരും മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ-പ്രാദേശിക സർക്കാർ പ്രതിനിധികളും ശിൽപ്പശാലയിൽ പങ്കെടുക്കും.